വന്യമൃഗങ്ങള്‍ റോഡ് തടയുന്ന കാട്ടിലൂടെ യുള്ള യാത്ര
വന്യമൃഗങ്ങൾ വഴിതടയുന്ന 138 വർഷം പഴക്കമുള്ള കാടിനുള്ളിലെ ബ്രിട്ടീഷ് ബംഗ്ലാവിൽ താമസിക്കാം
കടല്‍ പോലെ പരന്നുകിടക്കുന്ന കാടും, കാതുകളില്‍ കിന്നാരം പറഞ്ഞും കവിളില്‍ മുട്ടിയുരുമ്മിയും പോകുന്ന കാറ്റും, നൂല്‍മഴയും... കോടമഞ്ഞും. ഇതൊക്കെ ആസ്വദിക്കണമെങ്കിൽ ചെറിയ മഴയുള്ള സമയത്ത് നമ്മൾ കാടുകളിലേക്ക് യാത്ര ചെയ്യണം. അങ്ങനെയാണ് വീണ്ടും മറ്റൊരു കിടിലൻ സ്ഥലത്തേക്ക് യാത്ര പോകുവാൻ തീരുമാനിച്ചത്. അതിരാവിലെ ഞാനും, അനിലും, സന്തോഷും മൂവാറ്റുപുഴയിൽ നിന്ന് യാത്ര തിരിച്ച് പെരുമ്പാവൂരിൽ നിന്നും സുധീഷിനെയും കൂട്ടി ആനമല കടുവാ സങ്കേതത്തിലേക്ക് യാത്രതിരിച്ചു. അങ്ങനെ അങ്കമാലിയും തൃശ്ശൂരും കടന്ന്, വെടിക്കെട്ടുകളുടെ നാടായ നെന്മാറയും കടന്ന്, ഇന്ത്യയിലെ ഏറ്റവും നല്ല ഗ്രാമമായ കൊല്ലംകോട് താണ്ടി, കാമ്പ്രത്ത് ചള്ളയിൽ നിന്നും വലത്തുതിരിഞ്ഞ് മുതലമട വഴി വേട്ടക്കാരൻ പുത്തൂരിൽ എത്തി, അവിടെ നിന്നും മുതലമട വഴി ആനമല കടുവാ സങ്കേതത്തിന്റെ ചെക്ക് പോസ്റ്റിൽ എത്തി.
ചെക്ക് പോസ്റ്റിൽ ആളൊന്നിന് 30 രൂപയും കാറിന് 50 രൂപയും ഫീസ് അടച്ച് കാടിനുള്ളിലേക്ക് പ്രവേശിച്ചു. ചെക്ക് പോസ്റ്റിൽ നിന്നും ടോപ് സ്ലിപ്പ് വരെ 12 കിലോമീറ്റർ ആണുള്ളത്. ചുരം പോലത്തെ ഈ വഴിയിൽ കാടിൻറെ ഭംഗിയും വന്യമൃഗങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിച് യാത്രയായി. സമയം ഉച്ചയായതുകൊണ്ട് വഴിയിൽ ഒന്നും വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതിരാവിലെ ഏഴുമണിക്ക് ചെക്ക് പോസ്റ്റ് തുറക്കുന്ന വഴിയിൽ കയറി പോയാൽ വഴിയിൽ എല്ലാം മൃഗങ്ങളെ കാണുവാൻ സാധിക്കും. അങ്ങനെ ആനമല കടുവാ സങ്കടത്തിന്റെ റിസപ്ഷനായ ടോപ് സ്ലിപ്പിൽ എത്തി. ഞങ്ങളുടെ ബുക്കിംഗ് ഡീറ്റെയിൽസ് എല്ലാം അവിടെ കാണിച്ചതിനു ശേഷം അവിടത്തെ ക്യാന്റീനിൽ നിന്നും ഊണ് കഴിച്ച് യാത്രയാകാം എന്ന് വിചാരിച്ചു.
റിസപ്ഷനിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ കാടിനുള്ളിലാണ് നമ്മുടെ ഇന്നത്തെ താമസം. 138 വർഷം പഴക്കമുള്ള ഒരു ബ്രിട്ടീഷ് ബംഗ്ലാവിൽ ആണ് നമ്മൾ ഇന്ന് താമസിക്കുന്നത്. അതും കൊടുംകാടിന് നടുവിൽ ആവുമ്പോൾ എന്തായിരിക്കും ഫീൽ എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ നിന്നും ഒരു ഗൈഡും നമ്മുടെ കൂടെ കൂടും. ഇന്ന് നമ്മുടെ കൂടെയുള്ളത് സഞ്ജിത്ത് ആണ്. നാളെ നമ്മൾ ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങുന്ന വരെ നമ്മുടെ സഹായിയായും വഴികാട്ടിയായും കൂടെ ഉണ്ടാകും.. ടോപ് സ്ലിപ്പിൽ നിന്നും പറമ്പിക്കുളം പോകുന്ന വഴിയിൽ പോയതിനുശേഷം ഇടതുവശത്തേക്ക് തിരിഞ്ഞു വേണം നമുക്ക് പോകുവാൻ. ഈ വഴിയിൽ നിന്നും തിരിഞ്ഞാൽ പിന്നെ കാടിനുള്ളിലൂടെയുള്ള യാത്രയാണ്. ശരിക്കും ഒരു കാട്ടുവഴി. ഒരു നിഗൂഢമായ വനത്തിലൂടെയുള്ള യാത്രയാണ്. പേടിപ്പെടുത്തുന്ന പ്രതീതി, ഇടതൂർന്ന വനം, ഉച്ചയ്ക്കും സൂര്യപ്രകാശം ഉള്ളിൽ കടക്കാൻ മടിക്കുന്ന കാട്.. അങ്ങനെ കാടിനുള്ളിലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ച് ഈ ബ്രിട്ടീഷ് ബംഗ്ലാവിൽ എത്തിച്ചേർന്നു. ഏതായിരിക്കും ആ ബംഗ്ലാവ് എന്നാകും..
മൗണ്ട് സ്റ്റുവർട്ട് ബംഗ്ലാവ്.. കാടിനുള്ളിലെ വളരെ പഴക്കം ചെന്ന ഈ ബംഗ്ലാവിൽ ഞങ്ങൾ എത്തിനിൽക്കുന്നു. ചുറ്റും ഇലക്ട്രിക് പെൻസിങ്ങ്.. വർഷങ്ങൾക്കുശേഷമാണ് ഈ ബംഗ്ലാവ് ഗസ്റ്റുകൾക്കായി തുറന്നു കൊടുക്കുന്നത്. ബംഗ്ലാവിന് ചുറ്റും ഇലക്ട്രിക് പെൻസിങ് ഇല്ലാത്തതുകൊണ്ടാണ് ഇതുവരെയും കൊടുക്കാതിരുന്നത്. ആനയും കാട്ടുപോത്തും കരടിയും കടുവയും വിഹരിക്കുന്ന സ്ഥലം. എപ്പോഴും കാട്ടാനകൾ നശിപ്പിക്കുന്ന ഒരു ബംഗ്ലാവ്.. അതുകൊണ്ട് ഇവിടെ താമസം കൊടുക്കുവാൻ സാധിക്കുമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ഓരോ നിർമ്മിതികളും നമ്മളെ അതിശയിപ്പിക്കും. കാടിനുള്ളിലെ മനോഹരമായ ഒരു സ്ഥലത്താണ് ഈ ബംഗ്ലാവ് പണിതിരിക്കുന്നത്. ഇപ്പോഴും അതിൻറെ ആ ഒരു പ്രൗഡി നമ്മളെ അതിശയിപ്പിക്കുന്നതാണ്. തമിഴ്നാട് സർക്കാർ പലതവണ മെയിന്റനൻസ് വർക്കുകൾ നടത്തിയാണ് ഇന്നത്തെ ഈ നിലയിൽ എത്തിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായി ഈ ബംഗ്ലാവ് കൊണ്ടുനടക്കുന്നതിൽ തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കഴിവ് പ്രശംസിക്കാതെ വയ്യ.
ഈ ബംഗ്ലാവിൽ രണ്ട് റൂമുകളാണ് ഉള്ളത്. ഒരു ഹാളും, എന്നാൽ ഇവിടെ ഒരു കിച്ചൻ സൗകര്യം ഇല്ല. കൊണ്ട് നമ്മൾ ഫുഡ് കഴിക്കണമെങ്കിൽ ക്യാന്റീനിൽ പോയി വേണം കഴിക്കുവാൻ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇവിടെ ഭക്ഷണം ഉണ്ടാക്കിയാൽ ആനകളുടെ ശല്യം കൂടും. അപ്പോൾ ഇലക്ട്രിക് പെൻസിങ് ഒന്നും മതിയാകാതെ വരും. ബംഗ്ലാവിന് ഒരു വലിയ വരാന്തയും ഉണ്ട്.. എപ്പോഴും ഒരു തണുത്ത കാലാവസ്ഥയാണ് ഇവിടെ. സമുദ്രനിരപ്പിൽ നിന്നും 690 മീറ്റർ ഉയരത്തിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1885 ൽ പണിത ബംഗ്ലാവ് ആണിത്. ബംഗ്ലാവിന് ചുറ്റും നിൽക്കുന്ന വലിയ മരങ്ങളിൽ എല്ലാം കരിങ്കുരങ്ങുകൾ. ഇവിടെ വന്നാൽ പുറത്തിറങ്ങി നടക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. ഇടതൂർന്ന വനത്തിനുള്ളിലാണ് ഈ ബംഗ്ലാവ്.
നാലര മണിക്കാണ് ഇനി സഫാരി ഉള്ളത്. സഫാരിക്ക് പോകുവാൻ നമ്മൾ നമ്മുടെ വണ്ടിയിൽ ഇവിടെ നിന്നും റിസപ്ഷനിൽ എത്തണം. അവിടെനിന്നും ഒന്നുകിൽ ജീപ്പ് സഫാരിയും അല്ലെങ്കിൽ ബസ് സഫാരിയും ആണ് ലഭിക്കുന്നത്. ബസ് സഫാരിക്ക് ഒരാൾക്ക് 236 രൂപയും, ജീപ്പ് സഫാരിക്ക് 2360 രൂപയും ആണ് (ഒരു ജീപ്പിൽ എട്ടു പേർക്ക്.. നമുക്ക് പ്രൈവറ്റായും എടുക്കാം). ജീപ്പ് സഫാരി ലഭ്യമല്ലാത്തതിനാൽ ഞങ്ങൾ ബസ് സഫാരി ആണ് എടുത്തത്. കാടിനുള്ളിലേക്ക് പ്രവേശിച്ച അധിക ദൂരം പോയില്ല അതിനു മുന്നേ കാട്ടാനകളുടെ സാന്നിധ്യം. അഞ്ചോളം അടങ്ങുന്ന ഒരു ഗ്രൂപ്പ്. എന്നാൽ ബസ്സിനുള്ളിൽ ഒരുപാട് പേർ ഉള്ളതുകൊണ്ട് എല്ലാവരും ഉച്ച വയ്ക്കുന്നു. കാടിനുള്ള സഫാരി ചെയ്യുമ്പോൾ ഒരു കാരണവശാലും ശബ്ദം ഉണ്ടാക്കരുത്. എന്നാൽ ഇതൊന്നും പല ദിക്കിൽ നിന്ന് വരുന്ന ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല. ഒച്ചപ്പാടും ബഹളവും കേട്ട് കാട്ടാനകൾ കാടിനുള്ളിലേക്ക് ഓടി മാറി. വീണ്ടും ഞങ്ങളുടെ സഫാരി തുടർന്നു. അധിക ദൂരം പോകേണ്ടി വന്നില്ല കാട്ടുപോത്തുകളുടെ കൂട്ടം. (കാട്ടി എന്ന് വിളിക്കുന്നുവെങ്കിലും എനിക്ക് അങ്ങനെ വായിൽ വരില്ല ) .
കാട്ടുപോത്തുംകൂട്ടങ്ങളുടെ വിഷ്വൽസ് പകർത്തി അധികൃത ദൂരം പോകേണ്ടി വന്നില്ല വീണ്ടും രണ്ട് ആൺ കാട്ടുപോത്തുകൾ റോഡിന് നടുവിൽ. ഭീമാകാരങ്ങളായ രണ്ടെണ്ണം.. അവയുടെ നിൽപ്പു തന്നെ പന്തികേടാണ്. മറ്റു കാട്ടുപോത്തുകൾ വണ്ടി വരുമ്പോൾ ഓടി മാറും എന്നാൽ ഇവ മാറാൻ കൂട്ടാക്കുന്നില്ല. അതിൻറെ അർത്ഥം ഇവർ പ്രശ്നക്കാരാണ്. പ്രത്യേകിച്ച് ഈ സമയങ്ങളിൽ പോത്തുകളുടെ മെറ്റിംഗ് ടൈം ആണ്. അതുകൊണ്ട് കാട്ടുപോത്തുകൾ അഗ്രസീവ് ആകും എന്നാണ് പറയുന്നത്. എന്താണേലും കുറെ നേരം അവയുടെ മുന്നിൽ നിർത്തി. കാടിനുള്ളിലേക്ക് ഇരുട്ട് കയറി തുടങ്ങി. വണ്ടിയെടുത്ത് ഞങ്ങൾ മുന്നോട്ടു നീങ്ങി. ഞങ്ങളുടെ പുറകെയുണ്ടായിരുന്ന സഫാരി ബസ്സിനു നേരെ അവൻ പാഞ്ഞടുത്തു. ഏഴുമണിയോടുകൂടി ഞങ്ങളുടെ സഫാരി അവസാനിച്ചു.
ഇനി കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങി വേണം പോകുവാൻ. ഒരു ട്രൈബൽ ഡാൻസും ഇവിടെ ഉണ്ട്. അവരുടെ ഡാൻസും അവരുടെ കൂടെ ഡാൻസ് കളിച്ചും ഞങ്ങൾ സന്തുഷ്ടരായി. സമയം രാത്രി 8 45. ഇനി ഇവിടുന്ന് നമ്മുടെ സ്വന്തം വണ്ടിയിൽ നാല് കിലോമീറ്റർ കാടിനുള്ളിലൂടെ ബംഗ്ലാവിലേക്കുള്ള യാത്ര.. രണ്ടും കൽപ്പിച്ചു ഉള്ള യാത്രയാണ്. ഈ സമയങ്ങൾ എല്ലാം കാടിനുള്ളിൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന സമയമാണ്. രാത്രിയിൽ കടുവാ സങ്കേതത്തിനുള്ളിലൂടെ നമ്മുടെ സ്വന്തം വണ്ടിയിൽ യാത്ര ചെയ്യാൻ പറ്റുന്നത് ഈ ബംഗ്ലാവ് എടുത്തത് കൊണ്ട് മാത്രമാണ്. എന്നാൽ അതൊരു ടാസ്ക് തന്നെയാണ്. 4 കിലോമീറ്റർ കൊടുങ്കാടിനുള്ളിലൂടെ അതും ചെറിയ കാട്ടുവഴിയിലൂടെ നമ്മുടെ വണ്ടിയിൽ... ഓർക്കുമ്പോൾ തന്നെ പേടിയാകും.. വീട്ടിൽ നിന്ന് കൊണ്ടുപോയ ഒരു വലിയ ടോർച്ചും അതുപോലെ സഞ്ജിത്ത് കൊണ്ടുവന്ന ഒരു വലിയ ടോർച്ചും ഉണ്ട് ഞങ്ങളുടെ പക്കൽ. റിസപ്ഷന്റെ അവിടെനിന്ന് മാറിയപ്പോൾ തന്നെ സഞ്ജിത്തിന്റെ വീടിൻറെ തൊടിയിൽ തന്നെ കാട്ടുപോത്തുകൾ. അവൻ അവിടെ ഇറങ്ങി അവൻറെ വീട്ടിൽ നിന്നും അവനുള്ള ഫുഡ് എടുത്തു കൊണ്ടുവന്നു. വീണ്ടും കാടിനുള്ളിലൂടെയുള്ള യാത്ര. പറമ്പിക്കുളം പോകുന്ന വഴിയിൽ.. അല്പ ദൂരം ചെന്നപ്പോഴാണ് പെട്ടെന്ന് ആ കാഴ്ച കണ്ണിൽപെട്ടത്.. പുലി ...പുലി... റോഡിന് സൈഡിൽ പുൽമേട്ടിൽ കിടക്കുന്ന ഒരു ചെറിയ പുലി കുട്ടി. ടോർച്ച് അടിച്ച് വീഡിയോ എടുത്തതും അവൻ കാടിനുള്ളിലേക്ക് ഓടി മാറി. എന്താണേലും രാത്രിയിലുള്ള ഈ യാത്ര ഗംഭീരമായി. അവിടെ നിന്നും ഏറെ ദൂരം പോകേണ്ടി വന്നില്ല റോഡ് സൈഡിൽ മുഴുവൻ കാട്ടാനകൾ. പറമ്പിക്കുളം റോഡിൽ ആയതുകൊണ്ട് രക്ഷപ്പെട്ടു 😃😃.. ഇല്ലെങ്കിൽ കളി മാറിയേനെ 😃😃.
പറമ്പിക്കുളം റോഡിൽ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ചെക്ക് പോസ്റ്റ് വരെ പോയതിനുശേഷം തിരികെ വന്നു. റോഡിൽ നിന്നും കാടിനുള്ളിലേക്കുള്ള ഇടുങ്ങിയ മണ്‍ റോഡിലൂടെയുള്ള യാത്രയാണ് ഇനി.. ഇനിയാണ് മക്കളെ ടാസ്ക് എന്ന് പറയുന്നത്.. രാത്രിയിൽ കാടിനുള്ളിലെ ഭീകരത എന്റെ പൊന്നോ പേടിയാകും. ഇരുവശവും ടോർച്ച് അടിച്ചുകൊണ്ട് വണ്ടി മുന്നോട്ട് നീങ്ങി. ഈ റോഡിൽ നിന്നും വീണ്ടും തിരിഞ്ഞു വേണം നമുക്ക് ബംഗ്ലാവിലേക്ക് പോകാൻ അതാണെങ്കിൽ വഴിയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് അത്രമാത്രം.. റോഡിൽ ഇരുവശവും കാട്ടുപോത്തുകളുടെ വലിയ കൂട്ടങ്ങൾ.. ബംഗ്ലാവിലേക്കുള്ള തീരെ ഇടുങ്ങിയ വഴിയിൽ ചെന്നപ്പോൾ ദേ നിൽക്കുന്നു വലിയ കാട്ടുപോത്തുകൾ റോഡിന് നടുവിൽ.. മാറും എന്നുള്ള പ്രതീക്ഷയിൽ വണ്ടി മുന്നോട്ട് നീങ്ങി.. എങ്കിലും അവ പെട്ടെന്നൊന്നും മാറാൻ ഉദ്ദേശിച്ചിരുന്നില്ല. അല്പനേരം വണ്ടി അവിടെ നിർത്തി. റോഡിൽ നിൽക്കുന്നവർ മാറുമ്പോൾ മറുവശത്തുനിന്നും റോഡിനുള്ളിലേക്ക് ഓരോന്ന് കടന്നു വരുന്നു. അങ്ങനെ അവസാനം ബംഗ്ലാവിൽ എത്തി.. പ്രത്യേകിച്ച് അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിച്ചില്ല 😃😃.. Thank God..
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഈ ബംഗ്ലാവ് ബുക്ക് ചെയ്യുന്നവർ പേടിയുണ്ടെങ്കിൽ ഒരിക്കലും രാത്രിയിൽ ഇതിലെ സഞ്ചരിക്കരുത്. കാൻറീനിൽ നിന്നും നേരത്തെ തന്നെ ഭക്ഷണം വാങ്ങി ബംഗ്ലാവിൽ കയറണം.. അതാകും നല്ലത്. അത്രയും ഹെവി ആയിട്ടുള്ള ഒരു ടാസ്ക് തന്നെയാണ് ഈ യാത്ര.
എങ്ങനെ ബുക്ക് ചെയ്യാം
ആനമല കടുവാ സങ്കേതത്തിന്റെ ഒഫീഷ്യൽ സൈറ്റ് വഴിയാണ് മൗണ്ട് സ്റ്റുവർട്ട് ബംഗ്ലാവ് ബുക്ക് ചെയ്യേണ്ടത്. 8000 രൂപയാണ് ഈ ബംഗ്ലാവിന് ചാർജ് ചെയ്യുന്നത്. ഭക്ഷണവും സഫാരിയും ഈ പാക്കേജിൽ ഉൾപ്പെടുന്നില്ല.
വീഡിയോ മുഴുവൻ കാണുവാനായി Offbeat Travellers എന്ന യൂട്യൂബ് ചാനൽ കാണുക. ലിങ്ക് കമൻറ് ബോക്സിൽ കൊടുക്കാം
Comments
Post a Comment